National
കാൺപുർ: അനധികൃത മതപരിവർത്തനം ആരോപിച്ച് യുപിയിൽ പാസ്റ്ററെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഫത്തേപുരിലെ പള്ളിയിൽ പ്രാർഥനായോഗത്തിനിടെ പാസ്റ്റർ ഡേവിഡ് ഗ്ലാഡിയൻ (60) മകൻ അഭിഷേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഹൈന്ദവ വിശ്വാസികളായ സ്ത്രീകളെ പണവും മറ്റും വാഗ്ദാനം ചെയ്ത് മതം മാറ്റുന്നതായി ആരോപിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ നേരത്തേ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാസ്റ്ററെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ബജ്രംഗ് ദൾ പ്രവർത്തകർ പോലീസ് വാഹനം വളഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് ഇരുവരെയും പോലീസ് തുടർനടപടികൾക്കായി സ്റ്റേഷനിലേക്കു കൊണ്ടുപോയി.
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ മൂന്നു മണിക്കൂറോളം പള്ളിക്കു മുന്പിൽ പ്രതിഷേധിച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധം നടക്കുന്പോൾ സ്ത്രീകൾ ഉൾപ്പെടെ 150ഓളം പേർ പള്ളിയിലുണ്ടായിരുന്നു.
National
മഥുര: വിവാഹാഘോഷത്തിലെ അനാവശ്യ ചെലവുകൾക്കു തടയിട്ട് പുതിയ തീരുമാനങ്ങളുമായി മുസ്ലിം സമുദായം. വിവാഹാഘോഷത്തിനു ഡിജെ പാർട്ടി വേണ്ടെന്നും നിർദേശം ലംഘിച്ച് ആഘോഷം അതിരുകടന്നാൽ 11,000 രൂപ പിഴ ചുമത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ മഥുര ജില്ലയിൽ കോസിക്കലാനിൽ സംഘടിപ്പിച്ച മുസ്ലിം സൊസൈറ്റിയുടെ മഹാപഞ്ചായത്തിലാണ് അനാവശ്യ ആചാരങ്ങൾക്കെതിരേ ഏകകണ്ഠ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഹോട്ടലുകളിലോ ഗസ്റ്റ് ഹൗസുകളിലോ വിവാഹ ഹാളുകളിലോ മുസ്ലിം കുടുംബങ്ങൾ വിവാഹ ചടങ്ങ് സംഘടിപ്പിക്കാൻ പാടില്ല. പള്ളികളിൽ മാത്രമേ വിവാഹം നടത്താവൂ. അതേസമയം, വിവാഹത്തിനു ശേഷമുള്ള വിരുന്ന് ഹോട്ടലുകളിലോ മറ്റിടങ്ങളിലോ നടത്താം.
യുവതലമുറ തെറ്റായ ദിശയിലേക്കു പോകുന്നത് തടയുക, വിവാഹങ്ങളിലെ തർക്കങ്ങൾ ഇല്ലാതാക്കുക, സാമ്പത്തികഭാരം കുറയ്ക്കുക തുടങ്ങിയവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സമുദായ നേതൃത്വം പറഞ്ഞു.
National
ഷാജഹാൻപുർ: പ്രാർഥനായോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് യുപിയിൽ സ്ത്രീയുൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രാർഥനയുടെ മറവിൽ പണം വാഗ്ദാനം ചെയ്തു മതപരിവർത്തനം നടക്കുന്നുവെന്നാണ് ന്യായീകരണമായി പോലീസ് പറയുന്നത്.
വിവേക് കുമാർ, വിപിൻ, മോനു എന്നിവർക്കൊപ്പം എയ്ഞ്ചൽ എന്ന സ്ത്രീയുമാണ് അറസ്റ്റി ലായത്.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്സ്പ്രസ് ഹൈവേയിൽ കനത്ത പുകമഞ്ഞിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ബസ് അടക്കം ചില വാഹനങ്ങൾക്ക് തീപിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ അണച്ചു. ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ കനത്ത പുകമഞ്ഞിൽ ദൃശ്യപരത കുറഞ്ഞതാണ് അപകട കാരണം. ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൂട്ടിയിടിയെ തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്ലോക് കുമാർ പറഞ്ഞു. നാല് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എഎസ്പി പറഞ്ഞു.
പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ പോലീസ് വാഹനങ്ങളിൽ വീടുകളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എഎസ്പി പറഞ്ഞു. തടസപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമവും നടന്നുവരികയാണ്.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ വൊക്കേഷനൽ പാഠ്യപദ്ധതിയിൽ മലയാളവും ഉൾപ്പെടുത്തി. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, മറാഠി, ബംഗാളി ഭാഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ഇതിൽ ഇഷ്ടമുള്ള ഒരു ഭാഷ തെരഞ്ഞെടുക്കാം.
രാജ്യത്തെ വിവിധ മേഖലകളിലെ ഭാഷാപരമായ അന്തരം ഒഴിവാക്കുകയാണു ലക്ഷ്യമെന്നു വാരാണസിയിലെ കാശി തമിഴ് സംഗമത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Kerala
ലക്നോ: ഉത്തർപ്രദേശിൽ വീണ്ടും ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി. സർവേഷ് സിംഗ് (46) ആണ് വീട്ടിൽ ജീവനൊടുക്കിയത്.
ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പ്. മൊറാദാബാദിലാണ് സംഭവം. സ്കൂൾ അധ്യാപകനാണ് സർവേഷ് .
കഴിഞ്ഞ ദിവസങ്ങളിലും ജോലി സമ്മർദം താങ്ങാനാകാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബിഎൽഒമാർ ജീവനൊടുക്കിയിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെ വേദി തകർന്ന് വീണ് നിരവധി ബിജെപി നേതാക്കൾക്ക് പരിക്കേറ്റു. നവദമ്പതികളെ അനുഗ്രഹിക്കാൻ നേതാക്കൾ വേദിയിൽ ഒരുമിച്ച് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
സ്ഥലത്തെ പ്രധാന ബിജെപി പ്രവർത്തകനായ അഭിഷേക് സിംഗ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹ റിസപ്ഷൻ വേദിയിലാണ് അപകടമുണ്ടായത്. ബല്ലിയ ജില്ലാ ബിജെപി അധ്യക്ഷൻ സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിംഗ് എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ വേദിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം.
നേതാക്കൾ നവദമ്പതികൾക്ക് അനുഗ്രഹം നൽകുന്നതിനിടെ പെട്ടെന്നാണ് സ്റ്റേജ് തകർന്നുവീണത്. മുകളിലുണ്ടായിരുന്ന എല്ലാവരും താഴേക്ക് പതിച്ചു. ഉടൻ തന്നെ അവിടെയുള്ളവരെല്ലാം ചേർന്ന് രക്ഷാപ്രവർത്തനത്തം നടത്തി.
National
ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. യോഗി ആദിത്യനാഥ് സർക്കാർ കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ജില്ലാ മജിസ്ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.
ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.
ബുലന്ദ്ശഹറിലെ വനിതാ സ്വയംസഹായസംഘമായ സിഎം ജില്ലാ മഹിളാസമിതി നൽകിയ ഹർജിയിലാണ് വിമർശനം. സമിതിയുടെ എക്സ് ഒഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്ട്രേറ്റിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപ്പുരിൽ എസ്ഐആർ സൂപ്പർവൈസർ ആത്മഹത്യ ചെയ്തു. ക്ലാർക്കായ സുധീർ കുമാർ കോരി ആണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്.
വിവാഹ ചടങ്ങുകൾ നടക്കാനിരിക്കെ ലീവ് ചോദിച്ചിട്ടും നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ കർശനമായ അന്വേഷണം നടത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ഇന്ന് എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബിഎൽഓയും മരിച്ചിരുന്നു. ഉത്തർപ്രദേശ് ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വിപിൻ യാദവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മരിക്കും മുൻപ് വിപിൻ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഭാര്യ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്.
National
ലക്നോ: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മർദത്തെ തുടർന്ന് ഉത്തർപ്രദേശിൽ ബിഎൽഒ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് മരിച്ചത്.
എസ്ഐആർ ജോലികൾ വേഗത്തിൽ തീർക്കുന്നതിനായി അമിത സമ്മർദം ഉണ്ടായിരുന്നുവെന്ന് വിപിന്റെ ബന്ധുക്കൾ പറഞ്ഞു. വിപിൻ യാദവ് തന്നെ ഇക്കാര്യം ഒരു വീഡിയോ ആയി ചിത്രീകരിച്ച് അധികൃതർക്ക് അയച്ചുകൊടുത്തിരുന്നു.
വീഡിയോയുടെ ആധികാരികത പോലീസും മറ്റ് അധികൃതരും പരിശോധിച്ചുവരികയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വിപിൻ മരിച്ചത്.
National
മീററ്റ്: യുപിയിൽ തലയിലെ മുറിവിന് ചികിത്സ തേടിയെത്തിയ കുട്ടിക്ക് ഫെവിക്വിക് പുരട്ടി വിട്ടതായി പരാതി. ജാഗ്രിതി വിഹാർ സർദാർ ജസ്പീന്ദർ സിംഗിന്റെ മകനാണ് ഗുരുതര കൃത്യ വിലോപം നേരിടേണ്ടി വന്നത്.
കളിക്കുന്നതിനിടെ പരിക്കേറ്റ കുട്ടിയെ ഭാഗ്യ ശ്രീ എന്ന ആശുപത്രിയിലെത്തിക്കുകയായിരുന്നു രക്ഷിതാക്കൾ. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർ ഫെവി ക്വിക് വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ മുറിവിൽ ഡോക്ടർ ഫെവി ക്വിക് പുരട്ടി വിടുകയായിരുന്നു. രാത്രി വേദന സഹിക്കാനാകാതെ കുട്ടി കരഞ്ഞതോടെ രക്ഷിതാക്കൾ ലോക്പ്രിയ ആശുപത്രിയിലെത്തിച്ചു. ഇവിടെ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫെവി ക്വിക് മുറിവിൽ നിന്ന് നീക്കിയത്.
ഇതേ തുടർന്ന് കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മീററ്റ് ചീഫ് മെഡിക്കല് ഓഫീസര് അശോക് കട്ടാരിയ അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ കൗഷാംബിയിൽ കാളയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ജുബ്ര ഗ്രാമത്തിൽ നിന്നുള്ള ചന്ദ്രശേഖർ പാണ്ഡെ (80) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ചന്ദ്രശേഖർ പാണ്ഡെ തന്റെ വീടിന്റ മുന്നിൽ ഇരിക്കുന്ന സമയത്ത് തെരുവിലൂടെ പോയ കാള പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ചന്ദ്രശേഖറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ പടക്കനിർമാണശാലയിൽ സ്ഫോടനം. അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്ന്പേർക്ക് പരിക്കേറ്റു.
ബരാബങ്കി ജില്ലയിലെ ടികൈത്നഗർ പ്രദേശത്തെ സരായ് ബരായ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ലക്നോവിലെ ട്രോമ സെന്ററിലേക്ക് മാറ്റി. ഫാക്ടറി പ്രവർത്തനങ്ങളിലുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥിക നിഗമനം.
പോലീസ് റിപ്പോർട്ട് അനുസരിച്ച്, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തൊഴിലാളികൾ യൂണിറ്റിനുള്ളിൽ പതിവ് ജോലിചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിയിൽ നിന്നുമുണ്ടായ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമന സേനാംഗങ്ങളുടെ മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ കെടുത്തിയത്.
ഫാക്ടറി അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും സ്ഫോടനത്തിനുശേഷം തീ ആളിക്കത്തിയതാണ് അപകട തീവ്രത വർധിക്കാൻ കാരണമായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനുരാഗ് സിംഗ് സ്ഥിരീകരിച്ചു. പടക്കനിർമാണശാലയുടെ ലൈസൻസ് ഈ വർഷം മാർച്ചിൽ അവസാനിച്ചിരുന്നുവെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. സ്ഫോടനത്തിൽ ഫാക്ടറി ഉടമ ഖാലിദിനും സഹോദരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിൽ നിരവധി കേസുകളിലെ പ്രതിയെ പോലീസ് വെടിവച്ചുകൊന്നു. ഷെഹ്ഷാദ് എന്നയാളെ മീററ്റ് പോലീസാണ് ഏറ്റുമുട്ടലിൽ വകവരുത്തിയത്.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിന് നേരെ വെടിയുതിർത്തു പ്രത്യാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 5.30നാണ് സംഭവം.
പോലീസ് ഏറെ നാളായി അന്വേഷിച്ചുകൊണ്ടിരുന്ന കൊടുംകുറ്റവാളിയാണ് ഷാഹ്ഷാദ്. ഇയാളെ പിടികൂടുന്നവർക്ക് ഉത്തർപ്രദേശ് പോലീസ് 25,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
പ്രതി എവിടെയുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെയാണ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചത്. ഷഹ്ഷാദിന്റെ പക്കലും തോക്കുണ്ടായിരുന്നു. ഇയാൾ ആദ്യം പോലീസിന് നേരെ വെടിവയ്ക്കുകയായിരുന്നു.
തുടർന്ന് പോലീസ് തിരികെ വെടിയുതിർത്തു. ഏറ്റുമുട്ടലിനിടയിൽ പ്രതിയുടെ നെഞ്ചിലും വെടിയേൽക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതിയായ ഷഹ്ഷാദ് ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ഏകദേശം അഞ്ചു വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഏഴ് വയസുകാരിയെ പീഡിപ്പിച്ചത്.
ഇയാളുടെ പേരിൽ നിലവിൽ രണ്ട് പീഡനക്കേസുകൾക്ക് പുറമെ, മോഷണം, ഭീഷണി, പണം തട്ടിയെടുക്കൽ തുടങ്ങിയ കേസുകളും മീററ്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാളെ പിടികൂടണം എന്നാവശ്യപ്പെട്ട് മീററ്റിൽ വലിയ രീതിയിൽ ജനരോഷം ഉയർന്നിരുന്നു. ജയിലിലായ ഒരു വ്യക്തി പുറത്തിറങ്ങി വീണ്ടും അതേ കുറ്റകൃത്യം ആവർത്തിച്ചതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് പ്രധാന കാരണം.
ഞായറാഴ്ച രാത്രി അതിജീവിതയായ ഏഴ് വയസുകാരിയുടെ വീട്ടിലെത്തിയ ഷഹ്സാദ്, വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിനെ സമീപിക്കരുതെന്നും കൊന്നു കളയും എന്നും പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.
National
മുസാഫർനഗർ: ഭാര്യ ആൺ സുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ഭർത്താവ് കൈക്കുഞ്ഞ് അടക്കം നാല് മക്കളുമായി നദിയിൽ ചാടി. മുസഫർനഗറിലെ ഷാംലി ജില്ലയിലെ 38 കാരനായ സൽമാനാണ് മക്കളുമായി യമുന നദിയിൽ ചാടിയത്.
12 കാരനായ മഹക്, അഞ്ച് വയസുകാരി ഷിഫ, മൂന്ന് വയസുള്ള അമൻ, എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഇനൈഷ എന്നിവരാണ് സല്മാന്റെ മക്കള്.
ഭാര്യ പോയതിനെ കുറിച്ചും താനും മക്കളും നദിയിൽ ചാടാൻ പോകുകയാണെന്നും പറഞ്ഞ് ഒരു വീഡിയോ സൽമാൻ സഹോദരിക്ക് അയച്ചിരുന്നു. മരണത്തിന് കാരണം ഭാര്യയും കാമുകനുമാണെന്നും ഇയാൾ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഈ വീഡിയോയുമായി സഹോദരി പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടേയും സഹായത്തോടെ പോലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
പതിനഞ്ച് വർഷം മുൻപാണ് സൽമാനും കുഷ്നുമയും തമ്മിൽ വിവാഹിതരായത്. എന്നാൽ ഈ അടുത്തായി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞദിവസം തർക്കത്തിന് പിന്നാലെ കുഷ്നുമ തന്റെ ആൺ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു.
പിന്നാലെ സൽമാൻ മക്കളുമായി യമുനയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്നും ചാടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും തിരച്ചില് തുടരുമെന്നും പോലീസ് വ്യക്തമാക്കി.